Thursday, July 31, 2008

അയല പൊടിത്തൂവല്‍

ചേരുവകള്‍

അയല - അര കിലോ
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ഉള്ളി - ഒരു വലുത്
തേങ്ങ ചിരകിയത് - കാല്‍ മുറി
കറിവേപ്പില - കുറച്ച്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

അയല നന്നായി വൃത്തിയാക്കി തലയും വാലും കളഞ്ഞു മഞ്ഞള്‍ പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് തണുക്കുമ്പോള്‍ മുള്ള് കളഞ്ഞു എടുക്കുക. അതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് കുഴച്ച് വെക്കുക. കുറച്ച് കറിവേപ്പില ചേര്‍ത്ത് കുഴക്കുക. ഒരു ഉള്ളി ചെറുതായി അരിഞ്ഞ് കുറച്ച് വെളിച്ചെണ്ണയില്‍ വറുക്കുക. ഉള്ളി ചുവന്നു വരുമ്പോള്‍ അതില്‍ മത്സ്യം ഇട്ടു ചെറു തീയില്‍ കുറേശെ ഇളക്കുക. കാല്‍ മണിക്കൂര്‍ ഇളക്കുമ്പോള്‍ മത്സ്യം നല്ല പൊടിയായി വരും. അപ്പോള്‍ വാങ്ങി വെക്കാം.

നേന്ത്രപ്പഴ കൂട്ട്

ചേരുവകള്‍

നേന്ത്രപ്പഴം - ആറ്
ശര്‍ക്കര - അര കിലോ
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം - ഒരു ടീസ്പൂണ്‍
പച്ച മോര് - ആറ് കപ്പ്
പച്ച മുളക് - അഞ്ചെണ്ണം
പുളിയില്ലാത്ത തൈര് - ഒരു കപ്പ്
കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലികളഞ്ഞ് നല്ലവണ്ണം വേവിക്കുക.
തേങ്ങയും ജീരകവും പച്ചമുളകും ചേര്‍ത്ത് അരച്ച് വെക്കുക
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചതും വേവിച്ച നേന്ത്രപ്പഴം ഉടച്ചതും ചേര്‍ത്ത് നന്നായി
വരട്ടുക.
വര്ട്ടിയതിനുശേഷം പച്ച മോര് കുറേശ്ശെ ഒഴിച്ച് നേര്‍പ്പിക്കുക.
ചെറു തീയില്‍ തിളച്ചതിനു ശേഷം അരച്ച് വെച്ച തേങ്ങക്കൂട്ടുചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
പാകത്തിന് ഉപ്പ് ചേര്‍ക്കുക.
തിളച്ചതിനു ശേഷം പുളിക്കാത്ത കട്ടിതൈരു ചേര്‍ത്ത് കറിവേപ്പില താളിച്ച്‌ ചേര്‍ത്ത് ഇറക്കുക.

പൊള്ളാച്ചി മട്ടണ്‍ കുറുമ

ചേരുവകള്‍

ആട്ടിറച്ചി കഷണങ്ങള്‍ ആക്കിയത് - അര കിലോ
സവാള കൊത്തിയരിഞ്ഞത്‌ - 200 ഗ്രാം
തക്കാളി - രണ്ടു വലുത്
ഇഞ്ചി - ഒരിഞ്ച് കഷണം
വെളുത്തുള്ളി - ഒരു കുടം
മല്ലി പൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മുളകുപൊടി - അര ടേബിള്‍ സ്പൂണ്‍
തേങ്ങ അരച്ചത് - അര കപ്പ്
എണ്ണ - മൂന്നു ടേബിള്‍സ്പൂണ്‍
കറുവപ്പട്ട - ഒരു ഗ്രാം
ഏലക്ക - അഞ്ചെണ്ണം
ഗ്രാമ്പു - അഞ്ചെണ്ണം
പെരുംജീരകം - രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
പച്ചമുളക് അരിഞ്ഞത് - അഞ്ചെണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ആട്ടിറച്ചി വൃത്തിയായി കഴുകി വേവിച്ച് മാറ്റി വെക്കുക.
അടി കട്ടിയുള്ള ഒരു പരന്ന പാത്രത്തില്‍ എണ്ണ ചൂടാക്കി, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ വഴറ്റുക.
ഇതില്‍ പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേര്‍ക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞ് ചേര്‍ക്കുക.
മല്ലിപൊടി, മുളകുപൊടി, തേങ്ങ അരച്ചത് എന്നിവ നന്നായി കുഴച്ച് ചേര്‍ത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക.
വേവിച്ച ആട്ടിറച്ചി ഇതില്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറു തീയില്‍ മൂടിവെച്ചു വേവിക്കുക.
വെന്ത്‌ എണ്ണ തെളിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.
വെള്ളയപ്പം, ചപ്പാത്തി, പത്തിരി, പൂരി, ഇടിയപ്പം എന്നിവയോടൊപ്പം നല്ല കോമ്പിനേഷന്‍ ആണ് കുറുമ.

എരിശ്ശേരി

ചേരുവകള്‍

നേന്ത്രക്കായ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - ഒരെണ്ണം
ചേന ഒരിഞ്ചു കഷണങ്ങള്‍ ആക്കിയത് - 150 ഗ്രാം
മത്തങ്ങ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - 150 ഗ്രാം
തേങ്ങ ചിരകിയത് - അരമുറി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടല്ലി
മുളകുപൊടി -അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു കതിര്‍പ്പ്
വറ്റല്‍ മുളക് -3 എണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

നേന്ത്രക്കായ ,ചേന,മത്തന്‍ എന്നിവ നന്നായി കഴുകി വൃത്തിയാക്കുക.
കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക.
തേങ്ങ ചിരകിയതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റി വെച്ചതിനു ശേഷം ബാക്കി കുരുമുളക്,വെളുത്തുള്ളി,ജീരകം എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവെച്ച തേങ്ങാപ്പീര ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
ഇതിലേക്ക് കടുക്,കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ ഇട്ടു കടുക് പൊട്ടുമ്പോള്‍, തിളപ്പിചിറക്കി വച്ചിരിക്കുന്ന എരിശ്ശേരിയില്‍ ചേര്‍ക്കുക.

പച്ച മാങ്ങാ ചട്ണി

ചേരുവകള്‍

പച്ച മാങ്ങാ - ചെറുത് ഒന്ന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു കപ്പ്‌
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പച്ച മാങ്ങാ തൊലികളഞ്ഞ് ചെറുതായി ചീകി എടുക്കുക .
തേങ്ങ ചിരകിയതും മറ്റു ചേരുവകളും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക

ഇളനീര്‍ പുഡ്ഡിംഗ് (Tender Coconut Pudding)

ചേരുവകള്‍

ഇളം കരിക്ക് - നാല്
കരിക്കിന്‍ വെള്ളം - രണ്ടുകപ്പ്
പാല്‍ - അര ലിറ്റര്‍
ചൈന ഗ്രാസ് - ഒരു ചെറിയ പാക്കറ്റ്
കണ്ടെന്‍സ്ഡ മില്‍ക്ക് - മുക്കാല്‍ ടിന്‍
പഞ്ചസാര - രണ്ടു ടീസ്പൂണ്‍
അണ്ടിപരിപ്പ് - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം

  • ആദ്യം ചൈന ഗ്രാസ് ഒരു കപ്പു കരിക്കിന്‍ വെള്ളത്തില്‍ ഇട്ടു അര മണിക്കൂര്‍ കുതിരാന്‍ വെക്കുക.
  • ഇളം കരിക്ക് കഷണങ്ങള്‍ ആക്കി ഒരുകപ്പ് കരിക്കിന്‍ വെള്ളം ഒഴിച്ച് ഹാന്‍ഡ് ബ്ലെന്ടെര്‍ ഉപയോഗിച്ചു നന്നായി യോജിപ്പിക്കുക.
  • ഒരു പാനില്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ കുതിര്‍ത്ത് വെച്ച ചൈന ഗ്രാസ് ഇതില്‍ ചേര്‍ത്ത് അലിയിച്ച്ചെടുക്കുക.
  • ഇതിലേക്ക് മുക്കാല്‍ ടിന്‍ കണ്ടെന്‍സ്ഡ മില്‍കും പഞ്ചസാരയും ചേര്‍ത്തിളക്കുക.
  • അവസാനമായി കരിക്കുകഷണങ്ങളും കരിക്കിന്‍ വെള്ളവും യോജിപ്പിച്ച് വെച്ചതും ചേര്‍ത്ത് ഒന്നു തിളപ്പിച്ച് തീയില്‍ നിന്നിറക്കുക.
  • അണ്ടിപ്പരിപ്പ് വെച്ചലങ്കരിച്ചു ഫ്രിഡ്ജില്‍ വെച്ചു രണ്ടുമണിക്കൂര്‍ എങ്കിലും തണുപ്പിച്ച് ഉപയോഗിക്കാം.

ബനാന ക്രംബ്ള്‍

ചേരുവകള്‍

ഏത്തപ്പഴം നീളത്തില്‍ അരിഞ്ഞത് - 4 എണ്ണം
മൈദ - ഒരു കപ്പ്
വെണ്ണ - അര കപ്പ്
പഞ്ചസാര - അര കപ്പ്

തയാറാക്കുന്ന വിധം

  • മൈക്രോവേവ് അവന്‍ 180 ഡിഗ്രി സെന്ടിഗ്രേഡില്‍ ചൂടാക്കിയിടുക.
  • മൈദയും ഉപ്പും ഇടഞ്ഞെടുക്കുക .
  • വെണ്ണയും പഞ്ചസാരയും മൈദയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  • ഒരു ബേകിംഗ് ഡിഷ്‌ എണ്ണ പുരട്ടി ഏത്തപ്പഴം ലേയറുകള്‍ ആയി വയ്ക്കുക.
  • ഇടയ്ക്ക് പഞ്ചസാര തൂവിക്കൊടുക്കുക.
  • മൈദ മിശ്രിതം ഏത്തപ്പഴം മൂടുന്ന തരത്തില്‍ നിരത്തിയിടുക.
  • നേരത്തെ ചൂടാക്കിയ അവനില്‍ 45 മിനിട്ട് നേരം ബെക് ചെയ്തു സ്വര്‍ണ നിറമാകുമ്പോള്‍ ഇറക്കുക.

കൂട്ടുകറി

ചേരുവകള്‍

ചേന - 150 ഗ്രാം
വെള്ളരിക്ക - 75 ഗ്രാം
പടവലങ്ങ - 50 ഗ്രാം
ഏത്തക്കായ - പകുതി
മത്തങ്ങ - 30 ഗ്രാം
വെള്ളക്കടല - 10 ഗ്രാം
ഗ്രീന്‍ പീസ് - 10 ഗ്രാം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
കായം - ഒരു നുള്ള്
ശര്‍ക്കര - ഒരു ചെറിയ കഷണം
കുരുമുളക് - 5 ഗ്രാം
വറ്റല്‍ മുളക് - രണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
തേങ്ങ തിരുമിയത് - ഒരു വലിയ തേങ്ങയുടെത്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • പച്ചക്കറികള്‍ ചെറിയ ചതുരകഷണങ്ങള്‍ ആയി അരിയുക .
  • കടല, ഗ്രീന്‍ പീസ്, എന്നിവ കുതിര്‍ത്തതും പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടികട്ടിയുള്ള ഒരു പാത്രത്തില്‍ അടച്ചുവെച്ചു വേവിക്കുക.
  • അതില്‍ മഞ്ഞള്‍പ്പൊടിയും നെയ്യില്‍ വറുത്തെടുത്ത കുരുമുളകും വറ്റല്‍ മുളകും ചേര്‍ക്കുക.
  • ഇതില്‍ കായവും ശര്‍ക്കരയും കൂടി ചേര്‍ക്കുക.കഷണങ്ങള്‍ നന്നായി വെന്തു കഴിയുമ്പോള്‍ ഇളക്കി യോജിപ്പിക്കുക.
  • ചൂടായ വെളിച്ചെണ്ണയില്‍ നന്നായി ചതച്ചെടുത്ത തേങ്ങയിട്ടിളക്കി ഇളം ചുവപ്പകുന്നതുവരെ വറുക്കുക.
  • ചീനച്ചട്ടിയുടെ നടുക്ക് ഊറിവരുന്ന വെളിച്ചെണ്ണയില്‍ കറിവേപ്പില, ജീരകം എന്നിവ ഇട്ടു മൂപ്പിച്ച് യോജിപ്പിച്ചുവെച്ചിരിക്കുന്ന കഷണങ്ങളില്‍ ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക.

ഓലന്‍

ചേരുവകള്‍

തടിയന്‍ കായ / ഇളവന്‍ - 50 ഗ്രാം
പച്ച മത്തങ്ങ - 15 ഗ്രാം
അച്ചിങ്ങ പയര്‍ - ഒന്ന്
വന്‍പയര്‍ കുതിര്‍ത്തത് - 25 ഗ്രാം
പച്ചമുളക് - രണ്ട്
തേങ്ങാപ്പാല്‍ - കാല്‍ കപ്പ്‌
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • ഇളവനും മത്തങ്ങയും കഴുകി വൃത്തിയാക്കി കനം കുറച്ച് അരിയുക.
  • അച്ചിങ്ങാപ്പയര്‍ നീളത്തില്‍ അരിയുക
  • അടി കട്ടിയുള്ള ഒരു പാത്രത്തില്‍ അരിഞ്ഞ പച്ചക്കറികള്‍ പച്ചമുളകും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക.
  • കുതിര്‍ത്ത വന്‍പയര്‍ വേവിച്ചെടുത്ത്‌ വെന്ത മറ്റു കഷണങ്ങളുടെ കൂടെ ചേര്‍ത്ത് നന്നായി ഉടയ്ക്കുക
  • പച്ചവേളിചെന്നയും തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.

മാമ്പഴ പുളിശ്ശേരി

ചേരുവകള്‍

മാമ്പഴം - പത്ത്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
തൈര് - രണ്ടു കപ്പ്
തേങ്ങ ചിരകിയത് - രണ്ടു കപ്പ്
പച്ചമുളക് - നാല്
കുരുമുളകുപൊടി - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - രണ്ടാക്കിയത് - ൩
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • മാമ്പഴം വൃത്തിയായി കഴുകി തൊലി കളഞ്ഞു മഞ്ഞള്‍ പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക.
  • തേങ്ങ, മുളകുപൊടി, ജീരകം എന്നിവ നന്നായി അരച്ച് പച്ചമുളക് കീറിയതും ചേര്‍ത്ത് മാമ്പഴത്തില്‍ യോജിപ്പിക്കുക
  • കറി തിളച്ചാല്‍ തൈര് ഒഴിച്ച് കുരുമുളകുപൊടിയും ചേര്‍ത്ത് പതഞ്ഞാല്‍ ഉടന്‍ അടുപ്പില്‍ നിന്നും ഇറക്കുക.
  • ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ചേര്‍ക്കുക.